Monday, May 12, 2008

നിക്ഷേപകന് ഷോക്ക് ട്രീറ്റ്മെന്റ്

വീടിന്റെ മുകള്‍നില പണിയാന്‍ പണത്തിനായി ഡിസംബര്‍ അവസാനം കയ്യിലിരുന്ന ഓഹരി ഒന്നൊഴിയാതെ വിറ്റപ്പോള്‍ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വര്‍ഗീസിന് അല്‍പം സങ്കടം വരാതിരുന്നില്ല. ദേനാ ബാങ്ക്, അലഹാബാദ് ബാങ്ക്, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ് എന്നിവയടക്കം മൂന്നു ലക്ഷം രൂപയ്ക്കു വാങ്ങിയ ഓഹരികള്‍ വിറ്റപ്പോള്‍ 90,000 രൂപ ലാഭം കിട്ടി. ഏതാനും ആഴ്ചകള്‍ക്കു ശേഷം ഓഹരി വിപണി തകര്‍ന്നടിഞ്ഞതു കണ്ട് ദീര്‍ഘനിശ്വാസമുതിര്‍ക്കുകയാണ് അദ്ദേഹം.

മുംബൈയില്‍ ജോലിചെയ്യുന്ന ശ്രീധരന്‍ കഴിഞ്ഞ മാസം മധ്യത്തില്‍ കോഴിക്കോട്ടെ തറവാട്ടു വീട്ടില്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നോളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭീമമായ തകര്‍ച്ചയുണ്ടായത്. എല്‍ ആന്‍ഡ് ടി, പുഞ്ച് ലോയിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങി എട്ടോളം മുന്‍നിര ഓഹരികളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന ശ്രീധരന് ഒരു കുലുക്കവുമില്ല. തല്‍ക്കാലം കണക്കു പുസ്തകത്തിലുണ്ടായ നഷ്ടം ദീര്‍ഘകാല നിക്ഷേപകനായ അദ്ദേഹം പരിഗണിക്കുന്നേയില്ല.

ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏതാനും ആഴ്ചമുമ്പുണ്ടായ കനത്ത തകര്‍ച്ചയില്‍ ചുവടു തെറ്റാത്തവര്‍ മുകളില്‍ പറഞ്ഞ രണ്ടു വിഭാഗത്തില്‍ പെട്ടവര്‍ മാത്രം. അദ്യത്തെ കൂട്ടര്‍ക്കു ഭാഗ്യം തുണയായെങ്കില്‍ രണ്ടാമത്തെ കൂട്ടര്‍ ഓഹരിവിപണിയില്‍ നോട്ടിരട്ടിപ്പിനെത്തിയവരല്ലെന്നതാണ് രക്ഷയായത്. എന്നാല്‍ ഈ രണ്ടു വിഭാഗത്തിലും പെട്ടവര്‍ നിക്ഷേപകരില്‍ ഒരു ശതമാനം പോലും വരില്ലെന്നാണ് സൂചന.

മൂന്നൂ വര്‍ഷത്തിലേറെ നീണ്ട ബുള്‍ തരംഗത്തില്‍ ഓഹരിവിപണിയില്‍നിന്നു കൊയ്ത ലാഭം മുഴുവന്‍ നഷ്ടപ്പെടുത്തിയവരാണ് ഭൂരിഭാഗവും. കാരണം കരുതലുള്ള നിക്ഷേപകനു പോലും പിടികൊടുക്കാതെ രണ്ടോ മൂന്നോ വ്യാപാര ദിനംകൊണ്ടാണ് വിപണി തകര്‍ന്നടിഞ്ഞത്. ഇരുട്ടി വെളുത്തപ്പോള്‍ ഓഹരി വിപണിയിലുണ്ടായിരുന്ന ആവേശം എങ്ങോ പോയ്മറഞ്ഞു. തിരക്കുകൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന കോഴിക്കോട്ടെ ഓഹരി ബ്രോക്കിങ് സ്ഥാപനങ്ങളില്‍ ആളൊഴിഞ്ഞു.

അടിസ്ഥാന ഘടകങ്ങള്‍ (ആഗോള വിപണി നീക്കങ്ങള്‍ അടക്കം) ശ്രദ്ധിച്ച് ലാഭക്കൊതി നിയന്ത്രിക്കണമെന്ന ഓഹരി വിപണിയുടെ അടിസ്ഥാന പാഠം ഉള്‍ക്കൊള്ളാത്ത നിക്ഷേപകന് വീണ്ടും ശിക്ഷ. വിദേശ നിക്ഷേപമടക്കം ശതകോടികള്‍ വന്ന് ഓഹരിവിലകള്‍ അചിന്ത്യമായ തലങ്ങളിലേക്ക് ഉയര്‍ത്തിയപ്പോള്‍ ഓടിക്കൂടിയ ചെറുകിട നിക്ഷേപകരെല്ലാം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കരകയറാന്‍ കഴിയാത്ത നഷ്ടക്കയത്തിലായി.

നിക്ഷേപകര്‍ക്കു പ്രിയപ്പെട്ട റിയല്‍ എസ്റ്റേറ്റ്, പവര്‍, പെട്രോളിയം വിഭാഗങ്ങളിലെ ഓഹരികള്‍ കൂപ്പുകുത്തി. കനത്ത ഊഹക്കച്ചവടത്തില്‍ പലമടങ്ങ് വിലകയറിയ ഓഹരികള്‍ക്ക് നേട്ടത്തില്‍ ഭൂരിഭാഗവും മണിക്കൂറുകള്‍കൊണ്ട് നഷ്ടമായി.

വിപണിയിലുണ്ടായ 1215 ശതമാനം ഇടിവ് തടയില്ലാത്ത മുന്നേറ്റത്തില്‍ അടിസ്ഥാന പാഠങ്ങള്‍ മറന്നവര്‍ക്കുള്ള ഷോക്ക് ട്രീറ്റ്മെന്റായി. ഇന്ത്യന്‍ ഓഹരി വിപണിയുടെ അവസാനമല്ല പകരം പഴയ പാഠങ്ങള്‍ ഓര്‍മിച്ചെടുക്കാനും യാഥാര്‍ഥ്യത്തിലേക്ക് മടങ്ങിവരാനുമുള്ള അവസരമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിലകള്‍ കുത്തനെ ഉയര്‍ന്ന വിപണിയില്‍ കൈവിട്ടു നിക്ഷേപിക്കുന്നതിന്റെ റിസ്ക് തന്നെ മുഖ്യ പാഠം.

ചെറുകിട നിക്ഷേപകരും പുതുതായി ഓഹരി നിക്ഷേപത്തിനെത്തുന്നവരുമാണ് ഇതു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാണ് ഇവര്‍ക്ക് അനുയോജ്യം. അതും ചെറിയ മാസത്തവണകളായുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ളാന്‍ (എസ്ഐപി). മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്നു മാത്രമല്ല റിസ്ക് എത്രയോ കുറവ്.

പോക്കറ്റ് അറിഞ്ഞുള്ള നിക്ഷേപമാണ് മറ്റൊന്ന്. കടമെടുത്തും വിത്തുകുത്തിയും നിക്ഷേപിക്കാവുന്ന ഇടമല്ല ഓഹരി വിപണി. പ്രത്യേകിച്ച് അമേരിക്കന്‍ സാമ്പദ്വ്യവസ്ഥയുടെ തളര്‍ച്ചയില്‍ ആഗോള സാമ്പത്തികരംഗം ആടിയുലഞ്ഞു നില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍.

ഇത്തവണത്തെ ഇടിവില്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത് കുറഞ്ഞ മാര്‍ജിനില്‍ വന്‍തോതില്‍ ഓഹരികള്‍ കൈവശംവയ്ക്കാന്‍ സാധിക്കുന്ന ഓഹരി അവധി വിപണിയില്‍ (ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ്) കൈവിട്ടു കളിച്ചവര്‍ക്കാണ്. നിമിഷങ്ങള്‍കൊണ്ട് ഓഹരി സൂചികകള്‍ കൂപ്പുകുത്തിയപ്പോള്‍ ഇവരുടെ നഷ്ടം അതിഭീമമായി. കോഴിക്കോട്ടും ഇങ്ങനെ ലക്ഷങ്ങള്‍ നഷ്ടം നേരിട്ടവര്‍ അനവധി.

ആവശ്യത്തിനു മാര്‍ജിനില്ലാതെ ഓഹരി കൈവശംവച്ചവരുടെയും കനത്ത നഷടം നേരിട്ടതുമൂലം പണം അടയ്ക്കാന്‍ കഴിയാത്തവരുടെയും ഓഹരികള്‍ ബ്രോക്കിങ് സ്ഥാപനങ്ങള്‍തന്നെ വില്‍ക്കുകയുണ്ടായെന്ന് കോഴിക്കോട്ടെ പ്രമുഖ ബ്രോക്കിങ് സ്ഥാപനങ്ങള്‍ സൂചിപ്പിച്ചു (വാങ്ങിയ ഓഹരിക്കു വേണ്ട പണം അക്കൌണ്ടില്‍ എത്തുംവരെ സ്ഥാപനത്തിന്റെ പൊതു അക്കൌണ്ടിലാവും ഇവ ഉണ്ടാകുക).

ഇന്ത്യന്‍ ഓഹരിവിപണി തിരിച്ചുവരവിന്റെ സൂചന കാണിക്കുമ്പോള്‍തന്നെ ഇതുവരെ കണ്ട സ്വഭാവമായിരിക്കില്ല ഇനിയെന്ന് ഏതാണ്ടുറപ്പിക്ക?ാം. മാനം മുട്ടുന്ന ലാഭത്തിനു കാത്തുനില്‍ക്കാതെ തരക്കേടില്ലാത്ത ലാഭം കാണുമ്പോള്‍ ഓഹരി വില്‍ക്കുക എന്നതാവും സുരക്ഷിതം.
പറഞ്ഞു പഴകിയ സുപ്രധാന കാര്യം മികച്ച ഓഹരികള്‍ മാത്രം നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക എന്നതാണ്. തല്‍ക്കാലം വില താഴ്ന്നാലും ഇവ തിരിച്ചു കയറുമെന്ന് ഏതാണ്ട് ഉറപ്പിക്കാം. മുകളിലേക്കു മാത്രം നീങ്ങുന്നതാണ് ഓഹരിവിലകളെന്ന ധാരണയും വേണ്ട.

വാല്‍ക്കഷണം: യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുത്തനെ താഴ്ത്തി അവിടുത്തെ സമ്പദ്വ്യവസ്ഥയെ തളര്‍ച്ചയില്‍നിന്നു രക്ഷിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. ഇതിന്റെ ചുവടുപിടിച്ച് വിവിധ രാജ്യങ്ങളില്‍ പലിശ നിരക്ക് കുറച്ചു. ഇന്ത്യയിലും പലിശ നിരക്കു താഴ്ത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ നയത്തില്‍ അതുണ്ടായില്ല. യുഎസ് പ്രതിസന്ധിയുടെ പ്രതിഫലനം ഇന്ത്യയിലുണ്ടാകുമെന്ന ഭീതിയേക്കാള്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയരാതെ നോക്കണമെന്ന നയമാണു റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. രാജ്യത്ത് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് തുടരുമെന്ന പ്രതീക്ഷയാണ് കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ വാക്കുകളിലുമുള്ളത്.

No comments: